സനിയ അയ്യപ്പന്‍, റംസാന്‍ മുഹമ്മദ്പ്രണയം.... നല്ലതാണ്. എന്നാല്‍ സ്‌കൂള്‍ പഠനകാലത്തെ പ്രണയം നല്ലതാണോ?. അതോ...?. ഇതിന് ശക്തവും യുക്തവുമായ ഉത്തരം നല്‍കുന്ന ചിത്രമാണ് വൈറ്റ് റോസ്. പത്താം ക്ലാസ്സുകാരുടെ പ്രണയകഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ അരുണ്‍രാജ് പൂത്തണല്‍ ആണ്.
ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവിത ആര്‍. പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റംസാന്‍ മുഹമ്മദ് ആണ് ഈ ചിത്രത്തിലെ നായകന്‍. സനിയ അയ്യപ്പന്‍ ആണ് നായിക. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി കഴിവു തെളിയിച്ച റംസാന്‍ മുഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധേയമായ നായകവേഷത്തില്‍ എത്തുന്നു. ഈ പട്ടണത്തില്‍ ഭൂതം, ത്രീകിംഗ്‌സ്, മായാപുരി ത്രീഡി തുടങ്ങിയവയാണ് റംസാന്‍ അഭിനയിച്ച മുന്‍ ചിത്രങ്ങള്‍. മികച്ച നര്‍ത്തകന്‍ കൂടിയായ റംസാന്‍ ഒരു സ്വകാര്യ ടിവി ചാനല്‍ സംപ്രേഷണം ചെയ്ത ഡാന്‍ഡ് റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു. വിജയലക്ഷ്മി എന്ന സുന്ദരിയെ അനുരാഗ വലയത്തിലാക്കാന്‍ ശ്രമിക്കുന്ന അലക്‌സ് എന്ന കലാകാരനെയാണ് റംസാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
റംസാന്‍ മുഹമ്മദ്, സനിയ അയ്യപ്പന്ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സനിയ അയ്യപ്പന്‍. സനിയയും ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു. മമ്മൂട്ടി നായികനായ ബാല്യകാല സഖിയില്‍ ഇഷ തല്‍വാറിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു സനിയ ചലച്ചിത്ര രംഗത്ത് എത്തിയത്. അപ്പോത്തിക്കിരിയില്‍ സുരേഷ്‌ഗോപിയുടെ മകളായും വേഷമിട്ടു. രണ്ടായിരം കാലഘട്ടത്തിന്റെ പ്രണയകഥ പറയുന്ന വൈറ്റ് റോസില്‍ വിജയലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സനിയ അവതരിപ്പിക്കുന്നത്. പ്രണയത്തെ വെറുക്കുന്ന, ആണ്‍കുട്ടികളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത പഠനത്തില്‍ മാത്രം ശ്രദ്ധാലുവായ വിദ്യാര്‍ത്ഥിനിയാണ് വിജയലക്ഷ്മി.
പുതുമുഖങ്ങളായ സോണല്‍ ഒറ്റപ്പിലാക്കില്‍, വിജു വില്‍സണ്‍, കാര്‍ത്തിക്, അജയ്, മീനലോജിനി, ഗായത്രി, കവിത തുടങ്ങിയവരും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
വീഡിയോ ആല്‍ബങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു അരുണ്‍ രാജ് കലാരംഗത്ത് സജീവമായത്. തമിഴ് സ്വകാര്യ ടിവി ചാനലില്‍ പ്രോഗ്രാം ചീഫ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും കന്നഡയിലുമായി 96-ഓളം വീഡിയോ ആല്‍ബങ്ങള്‍ അരുണ്‍ രാജ് സംവിധാനം ചെയ്തിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരത്തിനു വേണ്ടി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌നേഹ സങ്കല്‍പ്പം എന്ന കുട്ടികളുടെ ചിത്രവും തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ ഒന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നാലാം നിയമം എന്ന ഹ്രസ്വചിത്രവും അതേ ബാച്ചിനുവേണ്ടി തന്നെ വാലന്റൈന്‍സ് ഡിംപിള്‍സ് എന്ന ഹ്രസ്വചിത്രവും അരുണ്‍രാജ് സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍ക്കുവേണ്ടിയും ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അരുണ്‍രാജ് റംസാന്‍ മുഹമ്മദ് പൂര്‍ണ്ണമായും ആഘോഷതിമിര്‍പ്പോടെ ചിത്രീകരിച്ച വൈറ്റ് റോസ്, പ്രണയം കാരണം പഠനം നഷ്ടപ്പെടുത്തിക്കളയുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സന്ദേശമാണെന്ന് സംവിധായകന്‍ അരുണ്‍ രാജ് പൂത്തണല്‍ പറഞ്ഞു. പൂവാര്‍, പൊഴിയൂര്‍, സോമതീരം, പൊന്‍മുടി, ഊട്ടി, കൊടൈക്കനാല്‍, തെങ്കാശി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സംഗീതം : ഷിനു ജി. നായര്‍. ആലാപനം : വിധുപ്രതാപ്, അഖില ആനന്ദ്. ഛായാഗ്രഹണം : അരുണ്‍ എ.ആര്‍. ചെന്നൈ. ചിത്രസംയോജനം : ജോഷി തിരുവനന്തപുരം. ചമയം : സൈജുനാഥ് നേമം. കലാസംവിധാനം : വിക്കി ചെന്നൈ. വസ്ത്രാലങ്കാരം : ഉമേഷ് ആറ്റുപുറം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : മുരുകന്‍ പനച്ചമൂട്. സഹസംവിധാനം : അര്‍ജുന്‍ ഹരീന്ദ്രനാഥ്. സ്റ്റില്‍സ് : അരുണ്‍ തിരുനെല്‍വേലി, അഖില്‍ നെയ്യാറ്റിന്‍കര. സംവിധാന സഹായികള്‍ : സനല്‍ എഴുത്തച്ഛന്‍, അഖില്‍, ജോഫിന്‍ ജോസഫ്. വിതരണം : എ.എം.പി. റിലീസ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.